Bhaviri ravi biography for kids

ചിത്രകഥാ രൂപത്തിൽ വായിക്കാം; ചിത്രമെഴുത്തുതമ്പുരാനെ

രാജവംശത്തില്‍ പിറന്നാല്‍ രാജകുമാരനാകാം. എന്നാല്‍, വംശമഹിമയേക്കാളേറെ പ്രതിഭ കൊണ്ട് രാജകുമാരനും രാജാവുമായ വ്യക്തിയാണ് രാജാ രവിവര്‍മ. നിറങ്ങളുടെ രാജാവ്. നിറക്കൂട്ടുകളുടെ ചക്രവര്‍ത്തി. ഭാവനയാല്‍ സങ്കല്‍പങ്ങള്‍ക്കു മനുഷ്യരൂപം കൊടുത്തു മനസ്സു നിറച്ച പ്രതിഭാശാലി. ദൈവങ്ങളെ മനുഷ്യമനസ്സില്‍ പ്രതിഷ്ഠിച്ചു മനുഷ്യരുടെയും ദൈവങ്ങളുടെയും പ്രീതി നേടിയ അനന്യപ്രതിഭ. കുട്ടികളെയും  മുതിര്‍ന്നവരെയും ഒരുപോലെ പ്രചോദിപ്പിക്കുന്ന ജീവിതം. 

എന്നാല്‍, കുട്ടികള്‍ക്കു വായിച്ചറിയാനും ആസ്വദിക്കാനും അവരുടെ ഭാഷയിലും അവര്‍ക്കു മനസ്സിലാകുന്ന ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ജീവചരിത്രമില്ലെന്ന പരിമിതി അതിജീവിക്കാന്‍ ഒരു പുസ്തകമെത്തുന്നു: പ്രിന്‍സ് വിത് എ പെയ്ന്റ് ബ്രഷ്- ദ് സ്റ്റോറി ഓഫ് രാജാ രവിവര്‍മ. 

അക്ഷരങ്ങള്‍ക്കൊപ്പം ചിത്രങ്ങളിലൂടെയുമുള്ള രാജാ രവിവര്‍മയുടെ ഇംഗ്ലിഷിലുള്ള ജീവിതകഥ. കവിയും എഴുത്തുകാരിയുമായി പേരെടുത്ത ശോഭ തരൂര്‍ ശ്രീനിവാസനാണ് രചയിതാവ്. വെസ്റ്റ് ലാന്‍ഡ് പബ്ലിക്കേഷന്‍സിനുവേണ്ടി റെഡ് പാണ്ട പുറത്തിറക്കുന്ന പുസ്തകം അടുത്ത മാസം രാജ്യമെങ്ങും പ്രകാശനം ചെയ്യും. 

സമപ്രായക്കാരായ കുട്ടികള്‍ ഓടിക്കളിച്ചു നടക്കുമ്പോള്‍ ഭിത്തിയില്‍ ചിത്രം വരയ്ക്കുന്ന ഒരു ബാലനിലാണു കഥ തുടങ്ങുന്നത്. അമ്മാവന്‍ രാജ രാജ വര്‍മ കുട്ടിയുടെ കഴിവു കണ്ടറിഞ്ഞ് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ എത്തിക്കുന്നു. രാജാവിന്റെ സംരക്ഷണയില്‍ ചിത്രം വരയും എഴുത്തും വായനയും അഭ്യസിക്കാന്‍. ആ യാത്ര നിറങ്ങളുടെ അതുവരെയും അതിനുശേഷവും ആരും എത്തിച്ചേര്‍ന്നിട്ടില്ലാത്തത്ര ഗംഭീരമായ ഒരു ലോകത്തേക്കായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും എത്രയോ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് അദ്ദേഹം പില്‍ക്കാലത്ത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി അനശ്വരമാക്കിയത്. ഇന്നും ഇനി വരുന്നവരുടെയുമൊക്കെ മനസ്സുകളിലെ ദൈവരൂപങ്ങള്‍ക്ക് മുഖവും ആകാരഭംഗിയും ഗാംഭീര്യവും നല്‍കിയതും അദ്ദേഹം തന്നെ. 

പ്രതിഭാശാലികളായ ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ കോടികളുടെ മൂല്യവുമായി ആര്‍ട് ഗ്യാലറികളെ  അലങ്കരിക്കുമ്പോള്‍ രാജാ രവി വര്‍മയുടെ ചിത്രങ്ങള്‍ സാധാരണക്കാരുടെ മനസ്സിലും അവരുടെ വീടിന്റെ ചുമരുകളിലും പൂജാമുറികളിലും പോലുമുണ്ട്. അത്തരമൊരു വിപ്ലവം അദ്ദേഹം സാധ്യമാക്കിയത് രാജ്യത്തെ ആദ്യത്തെ ലിത്തോഗ്രാഫിക് പ്രസ് സ്ഥാപിച്ചുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കാനുള്ള ആദ്യത്തെ ചുവടുവയ്പായിരുന്നു ആ പ്രസ്. 

കഥകളേറെയുണ്ടെങ്കിലും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് അദ്ദേഹത്തെ അറിയാനും മനസ്സിലാക്കാനും കഴിയുന്ന പുസ്തകങ്ങളില്ലെന്ന ന്യൂനത പരിഹരിക്കുകയാണ് ശോഭ തരൂര്‍ ശ്രീനിവാസന്‍ പ്രിന്‍സ് വിത് എ പെയ്ന്റ്ബ്രഷ് എന്ന പുസ്തകത്തിലൂടെ. ഭാവന ചിറകുവിരിക്കുന്ന അക്ഷരങ്ങള്‍ക്കൊപ്പം ചിത്രങ്ങളിലൂടെയും കഥ പറയുന്ന അപൂര്‍വ പുസ്തകം. 

രാജാരവിവര്‍മയുടെ ചിത്രങ്ങള്‍ കണ്ട്, അദ്ദേഹത്തിന്റെ ജീവിതം മനസ്സിലാക്കി ശോഭ ആദ്യമെഴുതിയതു കവിതകളാണ്. അന്നേ മനസ്സിലുണ്ടായിരുന്നു ലോകത്തിലെ തന്നെ എണ്ണപ്പെട്ട ചിത്രകാരനായ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം. അതിപ്പോഴാണു സാധ്യമായതെന്നു മാത്രം. മാധ്യമ പ്രവര്‍ത്തക, കവി, എഡിറ്റര്‍ എന്നീ നിലകളില്‍ കയ്യടി നേടിയ ശോഭയുടെ ബാല സാഹിത്യ രചനയിലേക്കുള്ള കടന്നുവരവു കൂടിയായിരിക്കും പ്രിന്‍സ് വിത് എ പെയ്ന്റ് ബ്രഷ്. 

English Summary : Raja Ravi Varma’s illustrated narrative for kids by Shobha Tharoor to hit stands in April